Thursday, May 16, 2013

ജീവിതലാളിത്യത്തിന്റെ മഹാമാതൃക: തങ്ങള്‍


സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അനുസ്‌മരിക്കുന്നു
 
അതീവ ലളിതമായി ജീവിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്‌ത മഹാപണ്ഡിതനാണ്‌ വിടവാങ്ങിയത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വേര്‍പാട്‌ പരിഹരിക്കാനാവാത്ത നഷ്‌ടമാണ്‌ സമുദായത്തിന്‌.
ഓത്തുപള്ളിയിലും ദര്‍സിലും അറബിക്‌ കോളജിലും പഠിച്ച്‌ മതവിജ്ഞാനത്തിന്റെ അഗാധമായ മേഖലകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ പണ്ഡിതനാണദ്ദേഹം. നാട്ടിന്‍ പുറത്തെ പള്ളി ദര്‍സു മുതല്‍ മതവിദ്യാഭ്യാസ രംഗത്തെ ഉന്നത കലാലയങ്ങളില്‍ വരെ അധ്യാപനം നിര്‍വഹിക്കാനും കഴിഞ്ഞ ഗുരുനാഥന്‍. ഉസ്‌താദുമാരുടെ ഉസ്‌താദ്‌. തന്റെ പാണ്ഡിത്യമോ പദവിയോ പരിഗണിക്കാതെ ആരുടെ മുന്നിലേക്കും നടന്നുചെല്ലുന്ന വിനയാന്വിതനായ പ്രസ്ഥാന നായകന്‍. കാളമ്പാടി ഉസ്‌താദിനെ പോലെ വാക്കിലും പ്രവൃത്തിയിലും ലാളിത്യം സൂക്ഷിക്കാന്‍ കഴിഞ്ഞവര്‍ പണ്ഡിതന്‍മാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വിരളമായിരിക്കും.

പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്‌ പണ്ഡിതന്‍മാര്‍ എന്ന വിശുദ്ധ വചനത്തെ സ്വജീവിതം കൊണ്ട്‌ അര്‍ത്ഥസമ്പുഷ്‌ടമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ മലയാളക്കരയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായിരിക്കുമ്പോഴും കാളമ്പാടി ഉസ്‌താദിന്‌ ഭൗതികമായ ആവശ്യങ്ങളോ അവകാശവാദങ്ങളോ ഉണ്ടായിരുന്നില്ല. സ്വന്തം സ്ഥാനമാനങ്ങളുടെ വലിപ്പം പറയാനും പ്രകടിപ്പിക്കാനും അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല.

വ്യക്തിപരമായി കുട്ടിക്കാലം മുതല്‍ തന്നെ കാളമ്പാടി ഉസ്‌താദിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. മണ്‍മറഞ്ഞ മഹാപണ്ഡിതനായ ഉസ്‌താദ്‌ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ സ്‌നേഹപാത്രമായി അദ്ദേഹം ഒപ്പമുണ്ടാകുമായിരുന്നു. ഉന്നതരായ ആലിമീങ്ങള്‍ക്കു കീഴില്‍ വിദ്യ അഭ്യസിക്കാനും അവരെ അനുഗമിക്കാനും അവരില്‍ നിന്നു സൂക്ഷ്‌മതയേറിയ അറിവുകള്‍ സ്വായത്തമാക്കാനും കഴിഞ്ഞത്‌ കാളമ്പാടി ഉസ്‌താദിന്റെ പാണ്ഡിത്യത്തിനു ശോഭ പകര്‍ന്നു. വിജ്ഞാന സാഗരമായിരുന്ന പണ്ഡിതന്‍മാരെയും പരക്കെ കണ്ടിട്ടില്ലാത്ത കിത്താബുകളെയും തൊട്ടറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൊടപ്പനക്കല്‍ വസതിയില്‍ ചെറുപ്പം മുതലേ കാളമ്പാടി ഉസ്‌താദ്‌ സന്ദര്‍ശകനായിരുന്നു. ഞങ്ങളുടെ വന്ദ്യപിതാവിനെ കാണാനും പരിപാടികള്‍ക്കു ക്ഷണിക്കാനും മറ്റുമായി അദ്ദേഹം വരും. പിതാവിന്റെ കാലശേഷവും ആ സ്‌നേഹബന്ധം തുടര്‍ന്നു. സഹോദരന്‍മാരായ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളും ഏറെ പ്രിയത്തിലും ബഹുമാനത്തിലുമാണ്‌ അദ്ദേഹവുമായി ഇടപഴകിയത്‌. ആ സ്‌നേഹമസൃണമായ ഉപദേശനിര്‍ദേശങ്ങള്‍ പില്‍ക്കാലത്ത്‌ വ്യക്തിപരമായി തനിക്കും ലഭിച്ചു.
സങ്കീര്‍ണമായ മതവിഷയങ്ങളില്‍ പ്രത്യേകിച്ച്‌ കര്‍മ്മശാസ്‌ത്ര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ടിവരുമ്പോള്‍ ഉപദേശ നിര്‍ദേശങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി കാളമ്പാടി ഉസ്‌താദിനെ ബന്ധപ്പെടും. ആശയക്കുഴപ്പമില്ലാത്തവിധം സുവ്യക്തമായ മറുപടിയായിരിക്കും അദ്ദേഹത്തില്‍ നിന്നു ലഭിക്കുക. മഹല്ലുകളിലെ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യത്തിന്‌ നേതൃത്വം നല്‍കുന്നത്‌ പലപ്പോഴും കാളമ്പാടി ഉസ്‌താദ്‌ ആയിരിക്കും.

വ്യക്തി, കുടുംബ ജീവിതത്തിലെ സങ്കീര്‍ണപ്രശ്‌നങ്ങളില്‍ തീരുമാനങ്ങള്‍ ആവശ്യമാകുമ്പോള്‍ കര്‍മശാസ്‌ത്ര സംബന്ധമായ അറിവുകള്‍ കൊണ്ട്‌ പിന്‍ബലമേകുന്ന കാളമ്പാടി ഉസ്‌താദിന്റെ സാമീപ്യം അനുഗ്രഹവും ആശ്വാസവുമായിരുന്നു. മുസ്‌ലിംലീഗിനെ അങ്ങേയറ്റം സ്‌നേഹിച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. സംഘടനയുടെ വളര്‍ച്ചയില്‍ എല്ലാവിധ അനുഗ്രഹാശിസ്സുകളും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പിന്തുണയും അദ്ദേഹം നല്‍കിപ്പോന്നു.
ഭൗതികമായ സമ്പത്തോ പ്രസിദ്ധിയോ അല്ല; പാരത്രിക ജീവിതത്തിലെ പരിഗണനയാണ്‌ പ്രധാനം എന്ന്‌ ഉറച്ചുവിശ്വസിക്കുകയും ആ വിശുദ്ധ മാര്‍ഗത്തിലൂടെ ചരിക്കുകയും ചെയ്‌ത പണ്ഡിതനും നേതാവുമാണദ്ദേഹം. ദീനിനും സമുദായത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിന്റെ ഭാഗമായി കണ്ട്‌ ജീവിച്ച മഹാപുരുഷന്‍. അദ്ദേഹം കാണിച്ചുതന്ന വിശുദ്ധ മാതൃകയും ആ ഓര്‍മകളും എന്നെന്നും ജ്വലിച്ചു നില്‍ക്കും. സര്‍വശക്തനായ അല്ലാഹു മഗ്‌ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ.

0 comments:

Post a Comment