Thursday, May 16, 2013

ഗുരുനാഥന്‍മാരുടെ ഗുരുവര്യന്‍


     സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ഉന്നത മതപണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്‌ടമാണ്‌.
പ്രക്ഷുബ്‌ദമായ സമകാലിക സമൂഹത്തില്‍ നേരും നെറിയും വ്യക്തമാക്കി കൊടുക്കാന്‍ കഴിവും സാമൂഹികാംഗീകാരവുമുണ്ടായിരുന്ന ഒരു അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു മഹാനവര്‍കള്‍. മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെയും ആഴിയിലേക്ക്‌ ഊളിയിട്ടിറങ്ങി അഗാധജ്ഞാനം നേടിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഗുരുനാഥന്‍മാരുടെ ഗുരുവര്യനായിരുന്നു.
1934ല്‍ മലപ്പുറം കാളമ്പാടിയിലെ അരിക്കത്ത്‌ അബ്‌ദുറഹിമാന്‍ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച മഹാന്‍ കുട്ടിക്കാലത്ത്‌ തന്നെ മതപഠന രംഗത്തേക്ക്‌ പ്രവേശിച്ചു. അക്കാലത്തെ അത്യുന്നത പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച മുഹമ്മദ്‌ മുസ്‌ലിയാര്‍ തന്റെ ബുദ്ധിവൈഭവം കൊണ്ടും അധ്വാന ശീലം കൊണ്ടും ശ്രദ്ധേയനായി. അമ്പതുകളില്‍ വെല്ലൂര്‍ ബാഖിയത്തു സ്വാലിഹാത്തില്‍ പഠിച്ച്‌ ഉന്നത പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌തുത്യര്‍ഹമായ നിലയില്‍ ദര്‍സ്‌ നടത്തുകയുണ്ടായി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അത്യുന്നത നേതാവും തന്റെ ഗുരുവര്യനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം സമസ്‌തയുടെ സംഘടനാ രംഗത്ത്‌ സജീവമായ മുഹമ്മദ്‌ മുസ്‌ലിയാര്‍ നിലവില്‍ സമസ്‌തയുടെ ഏറ്റവും സീനിയറായ മെമ്പറായിരുന്നു.
സി.എച്ച്‌. ഹൈദ്രോസ്‌ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ എന്നിവരോടൊപ്പം സമസ്‌തയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ജാമിഅ: നൂരിയ്യയില്‍ മുദരിസ്‌ ആവുന്നതിന്‌ മുമ്പ്‌ തന്നെ ജാമിഅ: മാനേജിംഗ്‌ കമ്മിറ്റി അംഗം, പരീക്ഷാ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം ജാമിഅ:യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
സമസ്‌ത കേന്ദ്ര മുശാവറയില്‍ കാല്‍ നൂറ്റാണ്ടോളം കാലം സഹപ്രവര്‍ത്തകനായും 1991ല്‍ ജാമിഅ:യില്‍ മുദരിസായ ഉസ്‌താദവര്‍കളോടൊപ്പം 21 വര്‍ഷം സഹാധ്യാപകനായും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ എനിക്കവസരമുണ്ടായി. അറുപതുകളുടെ അവസാനം മീനാര്‍കുഴിയില്‍ ഞാന്‍ മുദരിസായിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു.
ജാമിഅ: നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ ചുമതല ഞാന്‍ ഏറ്റെടുത്തതിന്‌ ശേഷം എന്റെ വിദേശയാത്രാ സമയങ്ങളിലും മറ്റും സ്ഥാപനത്തിന്റെ അക്കാദമിക്‌ ചുമതല മുഖ്യമായി ഏറ്റെടുത്തിരുന്നത്‌ മഹാനവര്‍കളായിരുന്നു. ഏറനാടന്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ക്ലാസ്‌ ഏറെ ആകര്‍ഷണീയമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോടു കൂടിയാണ്‌ ഉസ്‌താദിന്റെ ക്ലാസിനെത്തിയിരുന്നത്‌.
സമസ്‌തയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ അദ്ദേഹം വളരെ ഊര്‍ജസ്വലനായിരുന്നു. മുഴുവന്‍ മീറ്റിംഗുകളിലും പരിപാടികളിലും അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുമായിരുന്നു. സാധാരണ രീതിയില്‍ ശനിയാഴ്‌ച വൈകുന്നേരം ജാമിഅ:യില്‍ എത്തിയാല്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ഉസ്‌താദ്‌ ജാമിഅ: വിട്ടിരുന്നത്‌. എന്നാല്‍ വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഞായറാഴ്‌ച രാവിലെ എത്തി ബുധനാഴ്‌ച ഉച്ചക്ക്‌ മുമ്പായി മഹാനവര്‍കള്‍ വീട്ടിലേക്ക്‌ തിരിക്കുമായിരുന്നു.
ഞായറാഴ്‌ച ജാമിഅ:യിലെത്തിയ ഉസ്‌താദ്‌ തിങ്കളാഴ്‌ച മുഴുവന്‍ ക്ലാസുകളും കൂടുതല്‍ ഊര്‍ജസ്വലമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഇന്നലെ പെരിന്തല്‍മണ്ണയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സാഹിബുമായി ജാമിഅ: ഗോള്‍ഡന്‍ ജൂബിലിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ ഉച്ചക്ക്‌ ശേഷം ഞാന്‍ ജാമിഅ:യില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പായി തദ്‌ – വിഷയത്തില്‍ മഹാനവര്‍കളോട്‌ കൂടിയാലോചന നടത്തുകയുണ്ടായി. വളരെ ആരോഗ്യകരമായാണ്‌ ഉസ്‌താദ്‌ സംസാരിച്ചത്‌. മഹാനവര്‍കളോട്‌ സലാം പറഞ്ഞ്‌ കൈപിടിച്ച്‌ ഇറങ്ങുമ്പോള്‍ ഇത്‌ ഒരിക്കലും അവസാനത്തെ കൂടിക്കാഴ്‌ചായിരിക്കുമെന്ന്‌ നിനച്ചില്ല. അല്ലാഹു നമ്മെ എല്ലാവരെയും മഹാനവര്‍കളോടൊപ്പം അവന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ- ആമീന്‍


Oct. 04
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

(ജാമിഅ: നൂരിയ്യ പ്രിന്‍സിപ്പലാണ്‌ ലേഖകന്‍)

0 comments:

Post a Comment